2010, ജനുവരി 2, ശനിയാഴ്‌ച

വെള്ളിക്കൊലുസ്സ്(സന്ധ്യ)

      കരഞ്ഞു കരഞ്ഞു തളര്‍ന്ന് അമ്മുക്കുട്ടി അറിയാതെ മയങ്ങിപ്പോയി. അവള്‍ അന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. കാരണമെന്തെന്നോ? പതിവുപോലെ കൊയ്ത്തു കഴിഞ്ഞു. പക്ഷെ, അച്ഛന്‍ ഈ വര്‍ഷവും അവള്‍ക്ക് വെള്ളിക്കൊളുസ് വാങ്ങിക്കൊടുത്തില്ല. അമ്മയോട് സങ്കടം പറഞ്ഞപ്പോള്‍ അടുത്ത വര്‍ഷമാകാം എന്നു പറഞ്ഞു. അവള്‍ എത്ര നാളായി ഒരു വെള്ളിക്കൊലുസ്സിനു വേണ്ടി കരയുന്നു. അച്ഛന്‍  എന്നും  എന്തെങ്കിലും ഒഴിവു പറയും.
       പിറ്റേന്ന് അതി രാവിലെ തന്നെ എഴുന്നേറ്റു. ഇന്ന് അമ്പലത്തില്‍ പോണം. ഇന്നവളുടെ പിറന്നാളാണ്. അവള്‍ കുളിച്ചൊരുങ്ങി മുത്തശ്ശിയുടെ കൂടെ അമ്പലത്തില്‍ പോയി. ഭഗവതിയോട് ഒത്തിരി പരാതി പറഞ്ഞു. കുട്ടത്തില്‍ വെള്ളിക്കൊലുസ്സിന്‍റെ കാര്യവും. തൊഴുതു കഴിഞ്ഞ് അവള്‍ വീട്ടിലേക്ക് തിരിച്ചു. 
      അപ്പോഴേക്കും അമ്മൂമ്മ പായസം തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. അമ്മ അവളെ പായസം കഴിക്കാന്‍ വിളിച്ചു. 
      അവള്‍ കൊഞ്ചിക്കൊണ്ട് പറഞ്ഞു. '' നിക്ക് വേണ്ട അമ്മേടെ പായസം. അമ്മേം അച്ഛനും കൂടി കുടിച്ചോ. ഒരു വെള്ളിക്കൊലുസ്സ് വാങ്ങി തരാമെന്നു പറഞ്ഞിട്ട്.'' 
       അവള്‍ ഉമ്മറത്തേക്കോടി.അപ്പോള്‍ ദൂരെ വയലിലൂടെ ആരോ നടന്നു വരുന്നത് അവള്‍ കണ്ടു. പെട്ടെന്ന് അവളുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. 
      ''ഹായ് ശങ്കരമ്മാമ്മ...  അമ്മേ....'' അവള്‍ നീട്ടി വിളിച്ചു. 
      ''എന്നാ പെണ്ണേ ഇങ്ങനെ കെടന്നു കൂവണത്.'' 
      ''അമ്മേ, അതാ ശങ്കരമ്മാമ്മ വരുന്നു.'' 
      ''എവിടെ നോക്കട്ടെ? ''അമ്മ അവളുടെ അടുത്തേക്കു വന്നു. അപ്പോഴേക്കും ശങ്കരമ്മാമ്മ മുറ്റത്തെത്തി.
      ''ശങ്കരേട്ടാ, അകത്തേക്ക് വരൂ.''അമ്മ പറഞ്ഞു. 
      ''അമ്മുമോളെ, ഇങ്ങോട്ടു വാ.'' ശങ്കരമ്മാമ്മ അമ്മുക്കുട്ടിയെ വിളിച്ചു. 
       അപ്പോഴേക്കും അച്ഛനും മുത്തശ്ശിയും ഉമ്മറത്തേക്ക് വന്നു. 
      ''എന്താ മോളെ ഒന്നും മിണ്ടാത്തത്?''  ശങ്കരമ്മാമ്മ ചോദിച്ചു. 
     ''ഒന്നൂല്ല.'' അവള്‍ പറഞ്ഞു. 
     ''ഇതാ മോള്‍ക്ക്‌ പിറന്നാള്‍ സമ്മാനം.'' അവള്‍ സമ്മാനം വാങ്ങി ധൃതിയില്‍ തുറന്നു നോക്കി.          ''ഹായ്, വെള്ളിക്കൊലുസ്സ്.'' അവളത് കാലിലിട്ട് തുള്ളിച്ചാടി നടന്നു.
     പെട്ടെന്ന് അമ്മുക്കുട്ടി കണ്ണ് തുറന്നു. കഴിഞ്ഞതെല്ലാം ഒരു സ്വപ്നമാണെന്നു മനസ്സിലാക്കിയ അവള്‍ക്ക് സങ്കടം അടക്കാനായില്ല. 
                                                സന്ധ്യ പി പി 12 സി        

2 അഭിപ്രായങ്ങൾ:

  1. very nice
    നവവത്സരാശംസകള്‍ !!!
    2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ

    മറുപടിഇല്ലാതാക്കൂ
  2. അമ്മുകുട്ടിയുടെ സ്വപനം കൊള്ളാം

    മറുപടിഇല്ലാതാക്കൂ