2010, ജനുവരി 5, ചൊവ്വാഴ്ച

മലയാളികള്‍ ലോകത്തില്‍ പ്രകാശം പരത്തട്ടെ (നവീന്‍)

(കാസറഗോട്  റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഉപന്യാസ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രചനയുടെ പുനരാവിഷ്കരണം)


                     വാസ്കോ  ഡി ഗാമയെ അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലേക്ക് ആകര്‍ഷിച്ചത് ഇവിടത്തെ സുഗന്ധ വ്യജ്ഞനങ്ങളായിരുന്നെങ്കില്‍, ഇന്ന് ഇവിടേയ്ക്ക് വിദേശികളെ ആകര്‍ഷിക്കുന്നത് ഇവിടത്തെ മനുഷ്യ വിഭവമാണ്. മലയാളി ഇന്ന് കര്‍മ്മശേഷിയുടെയും ക്രിയാത്മകതയുടെയും പ്രതീകമായി ലോകമെങ്ങും അറിയപ്പെടുന്നു. മലയാളക്കര, സാമൂഹ്യ വികസനത്തിന്‍റെ കാര്യത്തില്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നിലയിലെത്തിയിരിക്കുന്നു. ഏതൊരു സമൂഹത്തിന്‍റെയും സ്ഥായിയായ വികസനത്തിന്‌ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു എന്നറിഞ്ഞുകൊണ്ടുതന്നെ മലയാളീ സമൂഹം വിദ്യാഭ്യാസത്തിനു എന്നും വന്‍ പ്രാധാന്യം നല്‍കിയിരുന്നു. ലോകം ഒരു ചെറു ഗ്രാമമായി ചുരുങ്ങുന്ന ആഗോളവല്‍ക്കരണത്തിന്‍റെ ഈ കാലഘട്ടത്തില്‍ മലയാളിയുടെ ജീവിത വീക്ഷണത്തിലും തൊഴില്‍ സങ്കല്‍പ്പത്തിലും അനുയോജ്യമായ മാറ്റങ്ങള്‍ വരേണ്ടതും ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ കാര്യമായ അഴിച്ചുപണി നടത്തേണ്ടതും വളരെ അത്യാവശ്യമാണ്.


                    കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കുറച്ചു വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്.  'അറിവ് പകര്‍ന്നു നല്‍കുന്നവന്‍' എന്ന വിശേഷണം ഗുരുക്കന്മാര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. മറിച്ച്, ഒരു വിദ്യാര്‍ഥിയുടെ ഉള്ളിലെ സര്‍ഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തുകയും അവയെ പരമാവധി വികസിപ്പിച്ച് പൊതു സമൂഹത്തിനു ഉപകാരപ്രദമാകുന്ന തരത്തി മാറ്റി എടുക്കുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇന്ന് അധ്യാപകരുടെ മുമ്പിലുള്ളത്.  അതുകൊണ്ട്തന്നെയാണ് വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍ക്കൊള്ളിക്കാന്‍ നാമുടെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ തയ്യാറായത്. ഇത്തരത്തില്‍ മാറുന്ന ലോകത്തിനനുസരിച്ച് നമ്മുടെ കുട്ടികളെ മാറ്റിയെടുക്കുക എന്ന നിരന്തര പ്രവര്‍ത്തനമാണ് ഇന്ന് നമ്മുടെ വിദ്യാലയങ്ങളില്‍ നടക്കുന്നത്, നടക്കേണ്ടത്‌. സാക്ഷരതാ മിഷന്‍റെയും സര്‍വ്വ ശിക്ഷാ അഭിയാന്‍റെയും മറ്റും പ്രവര്‍ത്തന ഫലമായി നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമാക്കിയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ നാമിന്നും ശൈശവ ഘട്ടത്തിലാണ്.


                   സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുള്ള നമ്മുടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വന്‍ സാധ്യതകളാണ് ഉള്ളത്. ഐ എസ്സ് ആര്‍ ഓ, ഐ എച്ച് ആര്‍ ഡി, എല്‍ ബി എസ്സ് തുടങ്ങിയ കോളേജുകള്‍ ശാസ്ത്ര - സാങ്കേതിക വിദ്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനു വഴിയോരുക്കുന്നതില്‍ മുതല്‍ക്കൂട്ടാണ്. മുസ്ലീം - ക്രിസ്ത്യന്‍ ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എസ്സ് എന്‍ ഡി പി, എന്‍ എസ്സ് എസ്സ് തുടങ്ങിയ വിഭാഗങ്ങള്‍ എല്ലാം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ വന്‍ നിക്ഷേപം നടത്തിയിരിക്കുന്നു. ഇതിന്‍റെയൊക്കെ ഫലമായിട്ടാണ്
ലോകമെമ്പാടും പ്രവര്‍ത്തനമണ്ഡലം വിപുലപ്പെടുത്തുവാന്‍ മലയാളികള്‍ക്ക് കഴിഞ്ഞത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദുബായിലെ 'അറേബ്യന്‍ ന്യൂസ്' എന്ന പത്രം അതിന്‍റെ മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി. '' ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്നും വരുന്ന അധ്വാന ശീലരും വിജ്ഞാനികളുമായ ജോലിക്കാരാണ് ഗള്‍ഫു രാജ്യങ്ങളുടെ വികസനത്തില്‍ മുഖ്യ പങ്കു വഹിച്ചത്.'' നാസയിലെ 4 ശതമാനവും അമേരിക്കന്‍ ആരോഗ്യ വകുപ്പിലെ 8 ശതമാനവും ജോലിക്കാര്‍ മലയാളികളാണ്. ലോകമെങ്ങും ആതുര സേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് മലയാളി പെണ്‍കൊടികള്‍ നടത്തി വരുന്നത്. എന്നാല്‍ ലോകം വിസ്മയത്തോടെയും ആരാധനയോടെയും നോക്കികാണുന്ന ഈ കര്‍മ്മ ശക്തിയെ നമുക്ക് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല.


                     മലയാളി വിദ്യാര്‍ഥികള്‍ക്ക്  ഉന്നത പഠനത്തിനും ജോലിക്കുമുള്ള സൌകര്യങ്ങള്‍ ഇവിടെത്തന്നെ സജ്ജമാക്കുന്നതിലൂടെയും സംരംഭകര്‍ക്ക് ഇവിടെ നിക്ഷേപത്തിനുള്ള സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലൂടെയും മാത്രമേ നമുക്ക് സാമൂഹ്യതലതിലെന്നപോലെ സാമ്പത്തികതലത്തിലും വികസിക്കാനാകൂ. ഇതിനു നമ്മുടെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും അധികാരികളുടെയും എല്ലാം കാഴ്ചപ്പാടില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
 പണം സമ്പാദിക്കുന്നതിനും ജോലിക്കും വേണ്ടിയും മാത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍, മക്കളെ എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ആക്കാന്‍ വെമ്പുന്ന മാതാപിതാക്കള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കു മാത്രം പയോഗിക്കുന്ന ഒരു കൂട്ടര്‍,
തൊഴിലധിഷ്ടിത വിദ്യാഭ്യാസ മേഖലയ്ക്കു വേണ്ടത്ര പരിഗണന
നല്‍കാത്ത അധികാരികള്‍, ഇവയിലെല്ലാം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വി എച്ച് എസ് ഇ, ഐ ടി സി, ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങിയവയെല്ലാം തൊഴിലധിഷ്ടിത വിദ്യാഭ്യാസ രംഗത്ത്‌ വന്‍ സ്വാധീനം ചെലുത്തുന്നുണ്ട്.


                     കഴിഞ്ഞ ദശാബ്ദം വിവര സാങ്കേതിക വിദ്യയുടെതായിരുന്നുവെങ്കില്‍ വരാനിരിക്കുന്ന ദശാബ്ദം വിദ്യാഭ്യാസ രംഗത്തിന്‍റെയും ആരോഗ്യമേഖലയുടെതുമായിരിക്കും എന്നാണ് നിരീക്ഷകര്‍ പറയുന്നത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നളന്ദ, തക്ഷശില തുടങ്ങിയ സര്‍വ്വകലാശാലകള്‍ നിലനിന്നിരുന്ന പ്രദേശമായിരുന്നു നമ്മുടെ ഭാരതം. എന്നാല്‍ എന്തുകൊണ്ടാണ് ഇവിടെ ഹാര്‍വാര്‍ട്, കേംബ്രിട്ജു   തുടങ്ങിയ ലോകോത്തര നിലവാരമുള്ള സര്‍വ്വകലാശാലകള്‍ വരാത്തത് എന്നാ ചോദ്യം പ്രസക്തമാണ്. 100 ശതമാനം സാക്ഷരത മുമ്പേ ആര്‍ജ്ജിച്ചിട്ടുള്ള കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌, പ്രത്യേകിച്ച് ശാസ്ത്ര സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഒട്ടേറെ മുതല്‍ മുടക്കാനുള്ള സുവര്‍ണ്ണ അവസരമാണ് ഇന്ന് നിലനില്‍ക്കുന്നത്. വിദേശത്ത് നിന്ന് വിദ്യാര്‍ഥികളെ ഇങ്ങോട്ട് ആകര്‍ഷിക്കുവാനും അവരെ പരമാവധി ഉപയോഗിക്കുവാനും സാധിക്കണം. ഇത്തരത്തിലുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് കൊണ്ടായിരിക്കണം നമ്മുടെ വിദ്യാഭ്യാസ നയങ്ങള്‍ രൂപപ്പെടുത്തേണ്ടത്. സര്‍വ്വകലാശാലകള്‍ വിരളിലെണ്ണാവുന്നത് മാത്രമുള്ള നമ്മുടെ രാജ്യത്തിന്‍റെ അവസ്ഥ മാറ്റിയെടുത്ത് അവയെ മികവിന്‍റെ കേന്ദ്രങ്ങളാക്കണം. അലീഗഡ് സര്‍വ്വകലാശാല ക്യാമ്പസ് മലപ്പുറത്തും കേന്ദ്ര സര്‍വ്വകലാശാലകള്‍ കേരളത്തിന്റെ പലഭാഗത്തും രൂപം കൊള്ളുന്നതും ഒരു സൂചകമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പര്യായങ്ങളായ ഐ ഐ ടികളും ഐ ഐ എമ്മുകളും കേരളത്തിലേക്ക് അനുവദിച്ചു കിട്ടുന്നതിന് കൂട്ടായ ശ്രമം നടക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ഗ്രെടിംഗ് ഗ്രേഡിംഗ്, സെമസ്റ്റര്‍ സംവിധാനങ്ങള്‍ തുടങ്ങിയതും ശ്ലാഘനീയമാണ്. 



                        തൊഴിലിനേയും അതിന്റെ മാന്യതയെക്കുറിച്ചും ഒട്ടേറെ വാചാലനായ വ്യക്തിത്വമാണ് നമ്മുടെ രാഷ്ട്രപിതാവ് .വിദ്യാഭ്യാസകാലത്തുതന്നെ തൊഴില്‍ ചെയ്യുവാനും ആ മൂലധനവും അനുഭവജ്ഞാനവും ഉപയോഗിച്ച് വിദ്യാഭ്യാസത്തിന്റെ ഓരോ പടവുകള്‍ ചവിട്ടി കയറണമെന്നുമാണ് അബ്ദുള്‍കലാം എഴുതിയിട്ടുള്ളത്. ഈ രീതിയില്‍ മലയാളികളുടെ കാഴ്ചപ്പാട് മാറ്റിയെടുക്കേണ്ട ഉത്തരവാദിത്വം ഇവിടത്തെ സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളും മാധ്യമങ്ങളും ആണ് നിര്‍വ്വഹിക്കേണ്ടത്‌. ഇത്തരത്തിലുള്ള പുരോഗമന ചിന്താഗതികള്‍ ഉയര്‍ന്നുവരുന്നത് കേരള സമൂഹത്തിന് വന്‍തോതില്‍ ഗുണം ചെയ്യും. വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കുന്ന നന്മകള്‍ തിരിച്ചു സമൂഹത്തിന് പതിന്മടങ്ങായി നല്‍കണം. വ്യവസായികള്‍, പ്രവാസികള്‍ തുടങ്ങിയവരില്‍നിന്ന്  100 കോടി രൂപ സമാഹരിച്ച് ഉന്നത വിദ്യാഭ്യാസ പരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പായി നല്‍കും എന്നാ തീരുമാനം അഭിനന്ദനാര്‍ഹമാണ്. വിദ്യാര്‍ഥികള്‍ ഉദ്യാനത്തിലെ പൂമോട്ടുപോലെയാണ്. എന്തെന്നാല്‍ അവര്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയാണ്, നാളത്തെ പൌരരും. അതുകൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് അതിനനുസരിച്ച് മലയാളികളുടെ ജീവിതവീക്ഷണം മാറ്റിയെടുക്കാന്‍ നമുക്കാകണം.  
                         നവീന്‍ മാത്യു       12

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ