പരന്നു വിശാലമായ വയല്‍ വരമ്പിലൂടെ ഓടിക്കൊണ്ട് നീണ്ടു നിന്ന ഒരു നമ്പീശന്‍ പുല്ലിന്‍റെ അറ്റം വലിച്ചുപറിച്ചപ്പോള്‍ അതിനകത്തുനിന്നും ഉതിര്‍ന്ന മഞ്ഞിന്‍ കണം 'പൊട്ടിത്തെറിച്ച പെണ്ണ്' എന്ന് പറഞ്ഞോ? ആവോ? നേരിയ വേദനയുണ്ടായപ്പോള്‍ കൈകള്‍ കൂട്ടിത്തിരുമ്മാന്‍ തന്നെ ഞാന്‍ മറന്നു. വരമ്പില്‍ നിന്ന് കുഞ്ഞു കൈത്തോടിലേക്ക് സാധാരണ ഇറങ്ങി നടന്നു പൊയ്ക്കൊണ്ടിരുന്ന ഞാന്‍ അന്ന് പതിവിനു വിപരീതമായി എടുത്തു ചാടുകയാണ് ചെയ്തത്. നനഞ്ഞ പാവാട ഒതുക്കി പാദത്തോട് ചേര്‍ത്ത് ധൃതിയില്‍ തോടിന്‍റെ ഇക്കരയിലെത്തിയപ്പോള്‍ വെറുതെ ഒന്നോര്‍ത്തു. ആ കവിതയെഴുതാന്‍ പെനയെടുത്ത സമയം. ഒരൂ വരികളും ഓരോ കണ്ണീര്‍ തുള്ളിയോടൊത്ത് അടര്‍ന്നു വീഴുകയായിരുന്നു. എന്‍റെ ദുഖങ്ങളൊക്കെച്ചേര്‍ത്ത് വിധിയെന്ന ഒറ്റ പ്പേര് വിളിക്കുമ്പോള്‍ ഉളളില്‍ നീറിപ്പുകയുന്ന കനലണയ്ക്കാന്‍ എനിക്ക് ഏതാനും വരികള്‍ മതിയായിരുന്നു. ഇത് ഞാന്‍ തിരിച്ചറിയുന്നത് ആ കവിതയുടെ അവസാനത്തെ ക്രമപ്പെടുത്തലില്‍ നിന്നാണ്. ''എഴുന്നേറ്റു പോ പെണ്ണെ'' എന്ന് പറഞ്ഞ അമ്മപോലും കവിത സൂചീമുഖിയില്‍ കണ്ടപ്പോള്‍ പതിവില്ലാത്ത ഒരു അനുകമ്പയോടെ എന്നെ കണ്ണിലുഴിഞ്ഞത് ഞാനോര്‍ക്കുന്നു.
വരികളൊന്നും വരുന്നില്ല. ഏങ്ങലടികള്‍ മാത്രമാകുന്നു. നീണ്ട ഗദ്ഗതം പോലും വായുവില്‍ തങ്ങി നില്‍ക്കുന്നതുപോലെ ഒരു വീര്‍പ്പുമുട്ടല്‍. ഉടന്‍ എഴുന്നേറ്റു ടീച്ചറുടെ ഒരു കവിത വായിച്ചു. അത് ഒരു മരുന്നുപോലെ എനിക്കാശ്വാസം നല്‍കിയത് ഞാനറിഞ്ഞു. അന്ന് ഞാന്‍ ചിന്തിച്ചു.വിഷമങ്ങളെ എത്രയുണ്ടെന്ന് എടുത്തു പുറത്തു കാണിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, പക്ഷെ, ''എന്നിലെ ഞാന്‍ സ്വരുക്കൂട്ടുന്ന ഏതാനും വരികളാണ് ഞാനാരാണെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുക'' എന്നത് മായാത്ത മഴവില്ലായി ഇന്നും എന്നില്‍ ഉണ്ട്.
പലവിഥ ചിന്തകളാല്‍ മഥിചിരുന്ന എന്റെ മനസ്സിന് എന്റെ കാലുകളെ നിയന്ത്രിക്കാന്‍ ത്രാണിയുണ്ടായില്ല. ടീച്ചറുടെ വീട്ടിലെ നടയില്‍ കാലു തെന്നിയപ്പോള്‍ ഞാനറിഞ്ഞു, കൈതക്കാട് പിന്നിട്ട കാര്യം. ടീച്ചറേ എന്ന് വിളിക്കണമല്ലോ. പിന്നെ താമസിച്ചില്ല. ടീച്ചറിന്റെ തലോടലേറ്റു മാരോട് ചേര്‍ന്ന് നിന്നപ്പോള്‍ എന്റെ നെറ്റിയില്‍ വീണ ആ കണ്ണുനീര്‍ത്തുള്ളി, ഒരിക്കലും വറ്റാതെ, ഉണങ്ങാതെ അവിടെ നിന്നിരുന്നെങ്കില്‍ ഞാനറിഞ്ഞേനെ എന്നെ. ഓളത്തിനൊത്തൊഴുകുന്ന എനിക്കെങ്ങനെ ഒരു കവിതയെഴുതാന്‍ സാധിച്ചു എന്നോര്‍ത്തിട്ടാണോ? അതോ, ടീച്ചര്‍ക്ക് ഞാന്‍ നല്‍കിയ വാക്ക് പാലിച്ചു എന്നതിനാലാണോ അവര്‍ കരഞ്ഞത്? ഒരുപാട് ഉത്തരമില്ലാ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണം അവിടെനിന്നു തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു : 'അവരോടു ചേര്‍ന്ന് നിന്നപ്പോള്‍ നിന്റെ ഹൃദയം സ്പന്ദിക്കുന്നത് നീ കേട്ടില്ലേ?' മറന്നോ ഞാന്‍ അത് കേള്‍ക്കാന്‍. നേരിയ കുറ്റബോധം ഉണ്ടാകിലും അതിനെ തിരുത്തിക്കൊണ്ട് എന്റെ അധരം സ്പന്ദിച്ചു.
''ജീവിതമെന്നൊരു .....................''
''ജീവിതമെന്നൊരു .....................''
പഴയ ജീര്‍ണ്ണിച്ച ഓര്‍മ്മകളുടെ കൂമ്പാരത്തിനു നടുവില്‍ കുത്തിയിരിക്കുമ്പോഴിന്നു ഞാന്‍ നിവര്‍ത്തിയ പത്രക്കടലാസിലേക്കൊന്നു നോക്കി. ഓടിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍നിന്നു ഒരു മുഖം ഞാന്‍ തിരിച്ചറിഞ്ഞു. ടീച്ചര്‍. താഴിട്ടു പൂട്ടിയ ഓര്‍മ്മചെപ്പിലെ എടുകലോന്നോന്നായി എടുത്തിട്ട് കുടഞ്ഞപ്പോള്‍ പരന്നു നിലത്തേക്ക് വീണ ഒരു കീറത്താള് . എന്റെ ഓര്‍മ്മയ്ക്ക് ജീവന്‍ നല്‍കുമ്പോള്‍ ഞാന്‍ പറഞ്ഞു: ''ഒന്നുമായില്ല ഞാന്‍ ടീച്ചറെ, ഒന്നുമായില്ല. മാപ്പ്.''
എന്നെ കാത്തിരിക്കുന്ന മനസ്സിന്റെ ജാലകവാതിലില്‍ തട്ടി വിളിച്ച വളരെ വിശാലമായ ലോകം, എന്റെ കിനാവുകളെല്ലാം പരിസമാപ്തിയിലെത്തിയിരിക്കുന്നു. തേങ്ങലുകള്‍ക്ക് അന്ത്യവിരാമമിട്ടിരുന്ന എന്റെ സാഹിത്യലോകം. ഒന്നുമല്ലാത്ത, അസ്തിത്വം അന്വേഷിക്കുന്ന ഞാന്‍. വീണ്ടും പേന പൊക്കിയെടുത്ത് കടലാസുകീറിലേക്ക് ദൃഷ്ടി പതിപ്പിക്കുമ്പോള്‍ പിറകില്‍ ഇനി ആ ടീച്ചറമ്മ ഉണ്ടാകുമോ? വീണ്ടും ഞാനൊരു ക്രമപ്പെടുത്തലിനു തയ്യാറാകുമ്പോള്‍ ...................... വീണ്ടും ഞാനൊരു വേങ്ങര പ്രിയദര്‍ശിനി സ്കൂള്‍ വിദ്യാര്‍ഥിനിയാകുമ്പോള്‍ ............ ഇല്ല. അതൊരു സത്യം. പരമമായ ഈ ലോകത്തില്‍ കാലം തെളിവ് നല്‍കും, സത്യം. അതിനോടുള്‍ച്ചേര്‍ന്നു മനസ്സിലുതിര്‍ന്ന ഓര്‍മ്മകളുടെ നേര്‍ത്ത ഒരു പാളി നിലാവ് പോലെ എന്നിലേക്ക് അടര്‍ന്നുവീണൂ. വീണ്ടും അതൊരു നിലാമഴയായി തോരാതെയങ്ങനെ............
അഞ്ജു ദേവസ്സ്യ 11 എ
സാഹിത്യത്തിന്റെ കനം ഇത്തിരി കൂടിയോ എന്നൊരു സംശയം...എന്നാലും സംഭവം കലക്കി
മറുപടിഇല്ലാതാക്കൂ