2020, ഏപ്രിൽ 23, വ്യാഴാഴ്‌ച








THE ECOCRIICISM RAEDER

ഭൂമിയുടെ സ്വാഭാവികതയ്ക്കുമേല്‍ മനുഷ്യന്റെ ഇടപെടലുകള്‍ വരുത്തിവച്ച മുറുവുകളേക്കുറിച്ചുള്ള ആകുലതകള്‍ മനുഷ്യകുലത്തെ വേട്ടയാടുകയാണ്. വിവേകം വൈകിമാത്രമാണ് ഉദിക്കുക. കാലാവസ്ഥാ വ്യതിയാനമെന്നത് ഒരു സങ്കല്‍പസൃഷ്ടി മാത്രമാണെന്ന് പറയാന്‍ മടിക്കാത്ത ലോകനേതാക്കളുള്ള കാലമാണല്ലോ. സൈലന്റ് വാലിയില്‍ അണക്കെട്ട് വന്നേതീരൂ എന്ന് ഭരണപ്രതിപക്ഷഭേദമില്ലാതെ നിയമസഭയില്‍ കൈപൊക്കി സമ്മതിച്ച നാടാണ് കേരളമെന്നത് ഓര്‍ക്കേണ്ടതാണ്.
ലോകപുസ്തകദിനത്തില്‍ വായിച്ചുതീര്‍ന്ന പുസ്തകമാണ് The Ecocriticism Reader. University of Georgia press, Athens, Georgia 1996ല്‍ പ്രസിദ്ധീകരിച്ച കൃതിയാണിത്. പണ്ഡിതോചിതമായ 29 പഠനങ്ങളുടെ സമാഹാരമാണിത്. ഇക്കോ ക്രിട്ടിസിസത്തില്‍ ലോകപ്രശസ്തരായ ഷെറില്‍ ഗ്ലോഫെല്‍റ്റിയും ഹാരോള്‍ഡ് ഫ്രോമും ഈ കൃതിയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു.
ഇക്കോ ക്രിട്ടിസിസം എന്ന പദം ആദ്യം ഉപയോഗിച്ചത് 1978ല്‍ പ്രസിദ്ധീകരിച്ച 'സാഹിത്യവും ഇക്കോളജിയും - ഇക്കോക്രിട്ടിസിസത്തില്‍ ഒരു പരീക്ഷണം' എന്ന ലേഖനത്തില്‍ അമേരിക്കന്‍ എഴുത്തുകാരനായ വില്യം റുക്കേര്‍ട്ട് ആണ്. ഇംഗ്ലണ്ടില്‍ ഈ സാഹിത്യശാഖ Green Studies എന്ന് പൊതുവേ അറിയപ്പെടുന്നു. ഇതിനെ പിന്‍പറ്റിയാണ് മലയാളത്തില്‍ ജി മധസൂദനന്‍ ഹരിതനിരൂപണം എന്ന് പ്രയോഗിക്കുന്നത്. ഇക്കോ ക്രിട്ടിസിസം റീഡറിന്റെ ആമുഖപഠനത്തില്‍ ഷെറില്‍ ഗ്ലോഫെല്‍റ്റി പുതിയ വിമര്‍ശനസരണിയെ ഇങ്ങനെ നിര്‍വ്വചിക്കുന്നു: "മനുഷ്യസംസ്കാരം പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയും അതിനെ സ്വാധീനിക്കപ്പെടുന്നതുപോലെ അതിനാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. ഇക്കോക്രിട്ടിസിസം പ്രകൃതിയും സംസ്കാരവുമായുള്ള ബന്ധത്തിന്റെ കെട്ടുപാടുകള്‍ അന്വേഷിക്കുന്നു. ഒരു വിമര്‍ശന സമീപനമെന്ന നിലയില്‍ അത് ഒരേസമയം ഭൂമിയിലും സമൂഹത്തിലും ഊന്നുന്നു. ഒരു സൈദ്ധാന്തിക വിനിമയം എന്ന രീതിയില്‍ മനുഷ്യനോടും മനുഷ്യേതരസത്തയോടും ചേര്‍ന്നു നില്‍ക്കുന്നു. ഫെമിനിസ്റ്റു വിമര്‍ശനം ലിംഗബോധത്തിലും മാര്‍ക്സിസ്റ്റു വിമര്‍ശനം വര്‍ഗബോധത്തിലും നിലയുറപ്പിക്കുന്നതുപോലെ ഇക്കോ ക്രിട്ടിസിസത്തിന്റെ സമീപനം ഭൗമകേന്ദ്രിതമാണ്.”

പ്രകൃതിയും സംസ്കാരവും തമ്മിലുള്ള വൈരുധ്യപൂര്‍ണ്ണമായ ബന്ധം ഹരിതനിരുപണത്തിന്റെ അടിസ്ഥാന പ്രശ്നമാണ്. ഇതരജീവികളില്‍നിന്നും ഭിന്നമായി മാനവസംസ്കാരം ശാസ്ത്രാധിഷ്ഠിതമായി വളരുന്നതും സാങ്കേതിക വിദ്യകളെ ഉപയോഗിച്ച് പ്രകൃതി വിഭവങ്ങളെ ഒന്നൊഴിയാതെ ഊറ്റിയെടുക്കുന്നതുമാണല്ലോ പാരിസ്ഥിതിക പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. സാഹിത്യകൃതികള്‍ പ്രകൃതിയെ എങ്ങിനെ നോക്കിക്കാണുന്നു, സ്ഥലവുമായി ബന്ധപ്പെട്ട അനുഭവങ്ങളെ എങ്ങനെ ആവിഷ്കരിക്കുന്നു മുതലായവ ഈ പഠനമേഖലകളുടെ പ്രധാനവിഷയങ്ങളായി വരുന്നു. സമകാലിക അമേരിക്കന്‍ സാഹിത്യത്തില്‍ ഇത്തരം ആവിഷ്കാരങ്ങള്‍ താരതമ്യേന കുറഞ്ഞുവരുന്നു എന്ന ആശങ്കയും ലേഖകര്‍ പങ്കുവയ്ക്കുന്നു.

വ്യത്യസ്തലേഖനങ്ങളിലൂടെ ഇക്കോക്രിട്ടിസിസത്തിന്റെ വ്യത്യസ്ത മേഖലകളും മാതൃകകളും കാണിച്ചുതരാനാണ് ഈ കൃതി ലക്ഷ്യമിടുന്നത്. Eco Theory- Reflections on nature and Culture, Ecocritical considerations of Fiction and Drama, Critical Studies of Environmental Literature എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി പുസ്തകത്തെ വിഭജിച്ചിരിക്കുന്നു.

പാരിസ്ഥിതിക പ്രശ്നങ്ങളുടെ ചരിത്രവേരുകള്‍ എന്ന ലേഖനത്തില്‍ ലിന്‍ വൈറ്റ് മനുഷ്യനെ ഭൂമിയിലെ മറ്റുജീവികളുടെ മേല്‍ പൂര്‍ണ്ണാവകാശിയായി സൃഷ്ടിച്ചുവെന്ന ബൈബിള്‍ സങ്കല്‍പ്പത്തെ പാശ്ചാത്യലോകത്തെ പാരിസ്ഥിതിക നാശത്തിന്റെ മൂലകാരണമായി വിലയിരുത്തുന്നുണ്ട്. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ കാഴ്ചപ്പാടുകളില്‍ പ്രകൃതിയിലെ ജീവജാലങ്ങളും മനുഷ്യനും തുല്യതയോടെ പരിഗണിക്കപ്പെടുന്നുവെങ്കിലും അതിന് പില്‍ക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയി എന്നും ലേഖനം വിലയിരുത്തുന്നു.

പ്രകൃതിയും നിശബ്ദതയും എന്ന ലേഖനത്തില്‍ ക്രിസ്റ്റഫര്‍ മാന്‍സ് രസകരമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. ഈ ലോകത്തു നിന്ന് ഫംഗസുകള്‍ ഉന്‍മൂലനം ചെയ്യപ്പെട്ടാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതം വളരെ വലുതായിരിക്കും. വളരെയേറെ ജീവികളും സസ്യജാലങ്ങളും അതുമൂലം നാമാവശേഷമാകും. എന്നാല്‍ ഹോമോ സാപിയന്‍സ് ആണ് ഇല്ലാതെയാകുന്നതെങ്കില്‍ അത് മറ്റു ജീവജാലങ്ങളെ ഒരു തരത്തിലും ബാധിക്കുകയില്ല. പ്രകൃതിയിലെ ജീവജാലങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധത്തില്‍ മനുഷ്യന്റെ നിസ്സാരത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ കൊറോണക്കാലത്ത് ലോകമെമ്പാടും മനുഷ്യന്‍ അവന്റെ മാളങ്ങളിലേക്ക് ഒതുങ്ങുമ്പോള്‍ പ്രകൃതിയിലെ കാലുഷ്യങ്ങള്‍ ഒഴിഞ്ഞുപോകുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഇതുമായി ചേര്‍ത്തു വായിക്കണം.

അമേരിക്കയിലെ മുഖ്യധാരയുടെ സംസ്കാരം പ്രകൃതിയെ എത്രമേല്‍ ചൂഷണം ചെയ്യുന്നുവോ, അതിനു നേരെ വിപരീതമായി പ്രകൃതിയെ അന്യമായ ഒന്നായി കാണുകപോലും ചെയ്യാതെ അതിലൊന്നായി മറ്റുജീവജാലങ്ങളുമായി സഹവര്‍ത്തിച്ചു കഴിഞ്ഞിരുന്ന റെഡ് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഔന്നത്യം The Sacret Hoop A Contemporary Perspective എന്ന ലേഖനത്തിലൂടെ പൗലാ ഗുന്‍ അലന്‍ കാട്ടിത്തരുന്നു.

ഹെന്‌റി തോറോവിനു മുന്‍പും പിന്‍പും അമേരിക്കന്‍ സാഹിത്യത്തില്‍ പ്രകൃതിയെ മുഖ്യവിഷയമായി ഉണ്ടായിട്ടുള്ള രചനകളുടെ സവിശേഷതകളെ വിലയിരുത്തുന്നവയാണ് ഈ സമാഹാരത്തിലെ മിക്ക രചനകളും. William Bertram, Alexander Wilson, John James Audubon, John Muir, John Burroughs, Aldo Leopard, Edward Abby, Mary Austin, Isebella Bird, Raichel Carson, Annie Dillard തുടങ്ങിയവരുടെ രചനകളെക്കുറിച്ച് ഒരു സാമാന്യധാരണയുണ്ടാക്കാന്‍ ഇവയിലൂടെ കഴിയും.

പാരിസ്ഥിതിക വിമര്‍ശനം മലയാളസാഹിത്യത്തില്‍ വളര്‍ന്നു വരുന്ന ഒരു വിമര്‍ശന ശാഖയാണ്. നമ്മുടെ എഴുത്തുകാരുടെ പല രചനകളേയും സമീപിക്കുവാന്‍ പരിതനിരൂപണത്തിന്റെ സങ്കേതങ്ങളെ ഉപയോഗിക്കുവാനാകും. അത്തരത്തിലുള്ള നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജി മധുസൂദനന്റെ ഹരിതനിരൂപണം മലയാളത്തില്‍ എന്ന കൃതി The Ecocriticism Readerനു സമാനമായ മലയാളകൃതിയായി കണക്കാക്കാം, ഈ ശാഖ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെങ്കിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ