കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

എന്റെ ആത്മാവുറങ്ങുന്ന വഴികള്‍ (ജന്യ)


എന്റെ ആത്മാവുറങ്ങുന്ന വഴികള്‍  നിങ്ങള്‍,
എന്റെ ചേതന പോല്‍ ഹൃദ്യമാം
പകല്‍ ചിത്രം നിങ്ങള്‍,
പാതിരാവില്‍ വിരിയുന്ന പ്രതീക്ഷയുടെ
പകല്‍ ചിത്രം,
ഞാനറിയാതെ എന്നെ വരിയുന്ന,
എന്റെ പാതയില്‍ വെളിച്ചം വിതറുന്ന
തെരുവുവിളക്കുകള്‍ നിങ്ങള്‍.
എന്റെ നിദ്രയിലെ സഹപാഠികള്‍ നിങ്ങള്‍,
ആരുടെയോ കരം കവര്‍ന്ന മൃദുല മോഹങ്ങള്‍ നിങ്ങള്‍.
എന്റെ വഴിയിലെ ആത്മാവു നിങ്ങള്‍,
എന്റെ ആത്മാവു നീങ്ങുന്ന വഴിയും നിങ്ങള്‍.
എന്നെ ഞാനാക്കിയ,
എന്റെ മോഹങ്ങള്‍ പുഷ്പിതമാക്കിയ,
എന്റെ പ്രിയ സഹചാരികള്‍ നിങ്ങള്‍.
ശൂന്യമാം ഇടനാഴികളില്‍ പോലും എന്നെ നയിക്കുന്നു നിങ്ങള്‍,
ഞാനെന്ന ചിത്രത്തെ ജീവിതത്തിന്റെ ക്യാന്‍വാസി-
ലടയാളപ്പെടുത്തിയ പ്രിയ കൂട്ടുകാരെ,
എന്റെ പ്രിയ സ്വപ്നങ്ങളെ...... നിങ്ങളാണേ-
ന്നിലെ ഇരുളും വെളിച്ചവും, നിങ്ങളാണെന്നിലെ 
ചേതന പോലും.
നിങ്ങളില്ലാതെ ഇല്ലിനി ജന്മം
ഞാനെന്ന സത്യംപോലും ഇല്ലാതെയാകുന്നു.
എന്നിലെ ആത്മാവുപോലും നിശ്ചലമാകുന്നു!
                                    ജന്യ പി വി (12 ബി)   

2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ദൈവത്തിന്റെ വിലാസം (ഇന്ദുജ)



സഹ്യപര്‍വ്വതത്തില്‍ തല -
ചായിച്ചുറങ്ങുന്ന ശംഖേ
ഞാന്‍ നിന്നെ കേരളം 
എന്നു വിളിച്ചോട്ടേ.
എന്റെ നാടേ, എന്റെ വീടേ
മമ സോദരങ്ങള്‍ വസിക്കുന്ന നാടേ. 
ഗോകര്‍ണ്ണേശപ്പനും കന്യാകുമാരിയും 
കാത്തു സംരക്ഷിക്കും നാടേ. 
അറബിക്കടലിന്റെ ഭാവഭേദങ്ങള്‍ 
നോക്കി രസിക്കുന്ന നാടേ. 
ഇരേഴു പതിനാലു ലോകങ്ങളുള്ള
മലയാളത്തിന്‍ സ്വന്തം നാടേ. 
 എന്റെ നാടേ, എന്റെ വീടേ
മമ സോദരങ്ങള്‍ വസിക്കുന്ന വീടേ.
കേരദേശത്തിന്‍ സ്വന്തമായ്
ചൊല്ലിയാടും കഥകളിയാട്ടവും
ലാസ്യസൌന്ദര്യത്തികവേറും
മോഹിനിയാട്ടതിന്‍ ജന്മനാടെ.
എന്റെ നാടേ, എന്റെ വീടേ,
മമ ദൈവത്തിന്ടെ സ്വന്തം നാടേ.
ഹരിതപ്രഭയില്‍ നിറഞ്ഞുനില്‍ക്കും
കാനന ഭുമി നിറഞ്ഞ നാടെ.
കായലും പുഴകളും കാട്ടരുവികളും
പാടിയോഴുകി രസിക്കും നാടേ.
തുഞ്ചന്റെ കുഞ്ചന്റെ ഓര്‍മ്മകള്‍ ചൂഴും 
കവിതകള്‍ പാട്ടും നിറഞ്ഞ നാടേ .
    
                          ഇന്ദുജ സന്തോഷ്‌ (11 എ)

2010 ജനുവരി 13, ബുധനാഴ്‌ച

വേര്‍പാട് (അമ്പിളി)

മൌനത്തിന്‍റെ തീച്ചൂളയ്ക്കരികില്‍
വാക്കുകളെ മേയാന്‍ വിട്ട്
നമുക്ക് മിണ്ടാതിരിക്കാം.
നമ്മുടെ ഹൃദയങ്ങളിലിരുന്ന്
അവ തണുത്തുറഞ്ഞുപോയി.


ആത്മാവിന്‍റെ ആഴങ്ങളിലേക്ക് 
നിന്‍റെ കണ്ണുകള്‍ തുറക്കാതിരിക്കുക. 

ഏകാന്തതയുടെ മണലാരണ്യങ്ങളില്‍ 
തീക്കാറ്റുപോലെ,
വിരഹം .........
വിടപറയുമ്പോള്‍, നീ 
പുഞ്ചിരിക്കുക.

മരത്തണലും മടിത്തടവും 
മായ്ച്ചുകളയുക. 

പുസ്തകത്താളിലെ മയില്‍‌പ്പീലി  
ചിതലു തിന്നട്ടെ. 

മനസ്സിലെ വളപ്പൊട്ടുകള്‍ 
മറവിയിലേക്കെറിയുക. 

ഇന്നിന്‍റെ ചിതയിലിട്ട് 
പുഴുക്കള്‍ പുളയ്ക്കുന്ന 
തണുത്തുറഞ്ഞ 
ഇന്നലകളെ എരിക്കുക.

നാളെയൊരു നാളില്‍ 
സ്നേഹത്തിന്‍റെ അസ്ഥിയും 
പ്രണയത്തിന്‍റെ  ഭസ്മവും
സൌഹൃദത്തിന്‍റെ ചെപ്പിലെടുത്ത് 
വരിക ........... 
                          അമ്പിളി പി കെ 11 എ

2009 ഡിസംബർ 31, വ്യാഴാഴ്‌ച

ചില സത്യങ്ങള്‍ (അമ്പിളി)

എല്ലാം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.

പണ്ട്,
നടക്കുമ്പോള്‍,
കൈകള്‍ വീശി,
കാലുകള്‍ നീട്ടിവച്ച്‌.
മുഖമുയര്‍ത്തി,
ചുറ്റുപാടും നോക്കി
മെല്ലെ നടക്കുവാനായിരുന്നു ഇഷ്ടം.

വസ്ത്രമിടുമ്പോള്‍,
സായിപ്പന്മാരുടെ ഓര്‍മ്മ പുതുക്കി
തലയില്‍ തൊപ്പിയും
കാലില്‍ ഷൂവും
നീണ്ട ഗൌണും ഭംഗിയായി ധരിച്ച്‌.......

ഉറങ്ങുമ്പോള്‍
നേരെ കിടന്ന്‌,
ഒന്നും ചിന്തിക്കാതെ,
നാളെയെക്കുറിച്ച് വേവലാതിപ്പെടാതെ,
തികച്ചും ശാന്തമായി......


ഇന്ന് ,
എല്ലാം ഒരോര്‍മ്മയായി  മാറിയിരിക്കുന്നു,
നെഞ്ചില്‍ കൊത്തിവെച്ച ചില ഓര്‍മ്മകള്‍.

ശീലമെല്ലാം പാടേ മാറിയിരിക്കുന്നു.
നടക്കുമ്പോള്‍,
കൈകള്‍ മാറോടണച്ച്,
കാലുകള്‍ ചേര്‍ത്തുവച്ച്,
മുഖം താഴ്ത്തി,
എങ്ങും നോക്കാതെ,
ഒന്നും കാണാതെ,
മെല്ലെ.

സാരിത്തലപ്പില്‍ മുഖവും, ഒപ്പം,
മനസ്സും മറച്ച്,
മണ്ണിനെ തൊട്ട്,
കണ്ണില്‍ അടരാറായ
കണ്ണീരുമായി.....

ഉറങ്ങുമ്പോള്‍,
ഇടതുവശം ചരിഞ്ഞ്,
ഭര്‍ത്താവിന്റെ നെഞ്ചില്‍ തലചായ്ച്ച്,
തള്ളക്കോഴിയുടെ ചിറകിനടിയിലെ
കുഞ്ഞിക്കോഴിയെപ്പോലെ,
നാളെയെ ഓര്‍ത്ത്‌,
പേടിച്ച്........
                                     അമ്പിളി പി കെ 11 സി